This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കേരള ലോകായുക്ത

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കേരള ലോകായുക്ത

സര്‍ക്കാര്‍ ജീവനക്കാരുടെ പേരില്‍ ആരോപിതമായിട്ടുള്ള അഴിമതി, അധികാര ദുര്‍വിനിയോഗം എന്നിവ സംബന്ധിച്ചുള്ള പൊതുജനങ്ങളുടെ പരാതിയിന്മേല്‍ വേഗത്തില്‍ അന്വേഷണം നടത്തി നടപടി സ്വീകരിക്കുന്നതിനായി സ്ഥാപിതമായിട്ടുള്ള ഒരു ഭരണഘടനാ സ്ഥാപനം. കേരള സര്‍ക്കാര്‍ 1999-ല്‍ പാസ്സാക്കിയ ലോകായുക്ത നിയമം (1999-ലെ ആക്റ്റ് 8) പ്രകാരം നിലവില്‍ വന്നു.

ലോകായുക്ത ചട്ടപ്രകാരം എല്ലാ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും രണ്ടുവര്‍ഷത്തിലൊരിക്കല്‍ അവരുടെയും അവരുടെ കുടുംബാംഗങ്ങളുടെയും വരുമാനം, വസ്തുവകകള്‍, ബാധ്യതകള്‍ എന്നിവ സംബന്ധിച്ച സ്ഥിതിവിവരക്കണക്കുകള്‍ ലോകായുക്തയ്ക്കു മുന്‍പാകെ പ്രത്യേകം നിഷ്കര്‍ഷിച്ചിട്ടുള്ള ഫാറത്തില്‍ സമര്‍പ്പിക്കേണ്ടതാണ്. ഓംബുഡ്സ്മാന്‍ മാതൃകയില്‍ പൊതുജന താത്പര്യം സംരക്ഷിക്കുന്ന സ്ഥാപനമാണ് ലോകായുക്ത.

1987-ലെ കേരള പൊതുപ്രവര്‍ത്തക അഴിമതി (ഇന്‍വെസ്റ്റിഗേഷന്‍സ് ആന്‍ഡ് ഇന്‍ക്വയറീസ്) നിയമത്തിന്റെ (1998-ലെ 24-ാം ചട്ടം) പുതിയ രൂപമാണ് 1999-ലെ കേരള ലോകായുക്ത നിയമം. സംസ്ഥാന മുഖ്യമന്ത്രി മുതല്‍ പഞ്ചായത്തു തലം വരെയുള്ള പൊതുപ്രവര്‍ത്തകരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും പ്രസ്തുത നിയമത്തിനു കീഴില്‍ വരുന്നതിനാല്‍ ലോകായുക്തയോട് വിശദീകരണം നല്കാന്‍ ബാധ്യസ്ഥരാണ്. ഒപ്പം പൊതുജനങ്ങളുടെ പരാതിയിന്മേല്‍ കാലതാമസം കൂടാതെ അന്വേഷണം നടത്തി മേല്‍ നടപടികള്‍ സ്വീകരിക്കാന്‍ ലോകായുക്തയും ഉപലോകായുക്തയും നിര്‍ബന്ധിതമാകുകയും ചെയ്യുന്നു.

സുപ്രീം കോടതിയിലെ ഒരു മുന്‍ ജഡ്ജിയോ ഹൈക്കോടതി ചീഫ് ജസ്റ്റിസോ ആണ് ലോകായുക്തയുടെ തലവനായി നിയമിക്കപ്പെടുക. അതുപോലെ രണ്ട് ഉപലോകായുക്തകളുടെയും അധികാരി ഹൈക്കോടതിയില്‍ നിന്നും വിരമിച്ച ജഡ്ജിമാരായിരിക്കുകയും വേണം. സ്പീക്കര്‍, പ്രതിപക്ഷ നേതാവ് എന്നിവരുടെ അഭിപ്രായം കണക്കിലെടുത്ത് മുഖ്യമന്ത്രിയാണ് ലോകായുക്തയും ഉപലോകായുക്തയും രൂപീകരിക്കുന്നത്. അഞ്ചുവര്‍ഷമാണ് ലോകായുക്തയുടെ കാലാവധി. സേവനത്തിലുള്ള ചീഫ് ജസ്റ്റിസിന്റെയും ഹൈക്കോടതി ജഡ്ജിന്റെയും ശമ്പളം, മറ്റ് ആനുകൂല്യങ്ങള്‍ എന്നിവയാണ് യഥാക്രമം ലോകായുക്ത-ഉപലോകായുക്താ അധികാരികള്‍ക്കു ലഭിക്കുക.

കേരള ഹയര്‍ ജുഡീഷ്യല്‍ സര്‍വീസിലുള്ള ഒരു ജില്ലാ ജഡ്ജിയും അഡീഷണല്‍ രജിസ്ട്രാറുമാണ് യഥാക്രമം ലോകായുക്തയുടെ രജിസ്ട്രാറും ഡെപ്യൂട്ടി രജിസ്ട്രാറുമായി നിയമിതനാവുക. വിവരാവകാശ നിയമപ്രകാരം ഡെപ്യൂട്ടി രജിസ്ട്രാര്‍ ഇന്‍ഫര്‍മേഷന്‍ ആഫീസറും സെക്ഷന്‍ ആഫീസര്‍ അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ആഫീസറുമായുള്ള സംവിധാനമാണ് ലോകായുക്തയുടേത്. ഇന്‍സ്പെക്ടര്‍ ജനറല്‍ ഒഫ് പൊലീസ് (ഐ.ജി.), സൂപ്രണ്ട് ഒഫ് പൊലീസ് (എസ്.പി.), ഡെപ്യൂട്ടി സൂപ്രണ്ടുമാര്‍ എന്നിവര്‍ ഉള്‍പ്പെടുന്ന ഒരു അന്വേഷണവിഭാഗവും ലോകായുക്തയ്ക്കുണ്ട്. ഏതു തലത്തിലുള്ള അന്വേഷണമാണ് വേണ്ടതെന്ന് തീരുമാനിക്കുന്നത് ലോകായുക്തയാണ്.

തിരുവനന്തപുരത്തെ നിയമസഭാ മന്ദിരത്തിലാണ് ലോകായുക്തയുടെ ആഫീസ് പ്രവര്‍ത്തിക്കുന്നത്. തിരുവനന്തപുരത്ത് പൊതു അവധിയല്ലാത്ത എല്ലാ തിങ്കള്‍, വെള്ളി ദിവസങ്ങളിലും എറണാകുളം, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളിലെ ഗവ. ഗസ്റ്റ് ഹൗസ് കോര്‍പ്പറേഷന്‍ ഹാളില്‍ എല്ലാ പ്രവൃത്തി ദിവസവും കോടതികള്‍ ചേരുന്നു. പൊതുജനങ്ങള്‍ നിശ്ചിത ഫോറത്തില്‍ പൂരിപ്പിച്ച് തങ്ങളുടെ പരാതികള്‍ തിരുവനന്തപുരത്തോ ക്യാമ്പ് ചേരുന്നിടങ്ങളിലോ ആണ് നല്കേണ്ടത്. രജിസ്ട്രാര്‍ക്കാണ് പരാതികള്‍ സമര്‍പ്പിക്കേണ്ടത്.

ഒരു അഭിഭാഷകന്റെ സഹായമോ ഇതര കീഴ്വഴക്കങ്ങളോ ഫീസോ കൂടാതെ വസ്തുനിഷ്ഠമായ പരാതിയുമായി ഏതു വ്യക്തിക്കും നേരിട്ട് സമീപിക്കാം എന്നതാണ് ലോകായുക്തയെ ഇതര നിയമവേദികളില്‍ നിന്നും വ്യത്യസ്തമാക്കുന്നത്. നോ. ലോകായുക്ത

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍